ads

ads

Sunday, October 12, 2008

ഡേവിഡ് കോപ്പര്‍ ഫീല്‍ഡ്


ഏകദേശം തൊണ്ണൂറ്റിമൂന്ന്‌ മീറ്റര്‍ ഉയരമുള്ള ഒരു വെങ്കല പ്രതിമഅപ്രത്യക്ഷമാക്കുക.

അതെ 1983 ലാണ്‌ അത്‌ സംഭവിച്ചത്‌. ന്യൂയോര്‍ക്കിലെ ലിബര്‍ട്ടി ദ്വീപില്‍ കൈയ്യില്‍ സ്വാതന്ത്ര്യത്തിന്റെ ദീപശിഖയുമായി നില്‍ക്കുന്ന സ്റ്റാച്യൂ ഓഫ്‌ ലിബര്‍ട്ടി അപ്രത്യക്ഷമാക്കുക.


ഇരുപത്തിഅഞ്ച്‌ വര്‍ഷം കടന്ന്‌ പോയിട്ടും ഈ മാജിക്കിന്റെ രഹസ്യം പുറത്തായിട്ടും `സ്റ്റാച്യൂ ഓഫ്‌ ലിബര്‍ട്ടി ഡിസപ്പിയറിംഗ്‌ ` ആധുനിക മാജിക്കിന്റെ ചരിത്രത്തിലെ ക്ലാസിക്‌ പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. കാഴ്‌ചക്കാരെ അമ്പരപ്പിച്ച ഈ പ്രകടനത്തിലൂടെയാണ്‌ ഡേവിഡ്‌ കോപ്പര്‍ ഫീല്‍ഡ്‌ എന്ന മാന്ത്രികന്‍ ലോകത്തിന്റെ ശ്രദ്ധ നേടിയത്‌.


പന്ത്രണ്ടാം വയസ്സിലാണ്‌ ഡേവിഡ്‌ കോപ്പര്‍ ഫീല്‍ഡിന്റെ ആദ്യ പൊതു പ്രദര്‍ശനം. ഇസ്രായേലുകാരായ ഹീമാന്‍- റീവ്‌ക ദമ്പതികളുടെ മകനായി 1956 സെപ്‌തംബര്‍ 16 ന്‌ ന്യൂ ജഴ്‌സിയിലെ മെറ്റുച്ചനിലാണ്‌ ഡേവിഡ്‌ കോപ്പര്‍ ഫീല്‍ഡിന്റെ ജനനം. യഥാര്‍ത്ഥ നാമം ഡേവിഡ്‌ സേത്‌ കോട്‌കിന്‍ എന്നാണ്‌.


ഏറ്റവും ചെറിയ പ്രായത്തില്‍ അമേരിക്കന്‍ മജീഷ്യന്‍സിന്റെ സൊസൈറ്റിയില്‍ അംഗമായ ഇദ്ദേഹം 16-ാം വയസ്സില്‍ ന്യൂയോര്‍ക്ക്‌ സര്‍വ്വകലാശാലയില്‍ മാജിക്‌ പഠിപ്പിക്കുന്ന അധ്യാപകനായി . കുറേ വര്‍ഷങ്ങളായി വിനോദവ്യവസായത്തിലൂടെ പണം സമ്പാതിക്കുന്നതില്‍ ലോകത്ത്‌ റ്റവും മുന്നില്‍ നില്‍ക്കുന്ന പേരുകളിലൊന്നാണ്‌ മജീഷ്യന്‍ ഡേവിഡ്‌ കോപ്പര്‍ ഫീല്‍ഡ്‌ .


Thursday, September 18, 2008

നാല് തരം തിരുവുകള്‍

ക്ലോസപ്പ്‌ മാജിക്‌, സ്റ്റേജ്‌ മാജിക്‌, സ്‌ട്രീറ്റ്‌ മാജിക്‌ ഇവയിലോരോന്നിലും Chemical Magic (രാസ വസ്‌തുക്കള്‍ ഉപയോഗിച്ച്‌ കാണിക്കുന്ന മാജിക്കുകള്‍), Mental Magic (മനസ്സുമായി ബന്ധപ്പെട്ട മാജിക്കുകള്‍), Equipments Magic (ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള മാജിക്കുകള്‍), Skill Magic (പരിശീലന കൊണ്ട്‌ മാത്രം സാധിക്കുന്ന മാജിക്കുകള്‍) എന്നിങ്ങനെ നാലായി തിരിക്കാം

Chemical Magic
(രാസ വസ്‌തുക്കള്‍ ഉപയോഗിച്ച്‌ കാണിക്കുന്ന മാജിക്കുകള്‍)

രാസവസ്‌തുക്കള്‍ ഉപയോഗിച്ച്‌ മാത്രം അവതരിപ്പിക്കുന്ന മാജിക്കുകളാണ്‌ കെമിക്കല്‍ മാജിക്‌. ഇത്തരം മാജിക്കുകള്‍ വളരെ വലിയ സ്റ്റേജുകളിലും മറ്റും അവതരിപ്പിക്കുമ്പോള്‍ കാഴ്‌ച സുഖം വളരെ കുറയാനാണ്‌ സാദ്ധ്യത.മാത്രമല്ല കെമിക്കലുകലുടെ കൈകാര്യം ചെയ്യലും പ്രശ്‌നമാകാറുണ്ട്‌.ഉദാ: മനഃശക്തികൊണ്ട്‌ തീ കത്തിക്കുക.

Mental Magic
(മനസ്സുമായി ബന്ധപ്പെട്ട്‌ അവതരിപ്പിക്കുന്ന മാജിക്കുകള്‍)

മനസ്സുമായി ബന്ധപ്പെട്ട്‌ അവതരിപ്പിക്കുന്ന മാജിക്കുകളാണ്‌. പൊതുവേ ഈ വിഭാഗത്തില്‍ പെടുന്നത്‌. ഇത്തരം മാജിക്കുകള്‍ മാജിക്കിന്‌ ഒരു ദിവ്യപരിവേഷം നല്‍കുന്നു.ഉദാ: നിര്‍ദ്ദേശങ്ങള്‍ കൊണ്ട്‌ ഒരാളെ ഉറക്കി, നിര്‍ദ്ദേശങ്ങള്‍ കൊണ്ട്‌ അനുസരിപ്പിക്കുക.

Eqipment Magic
(ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള മാജിക്കുകള്‍)

ഈ വിഭാഗത്തില്‍ ഉപകരണങ്ങള്‍ മാത്രം ഉപയോഗിച്ചാണ്‌ മാജിക്കുകള്‍ അവതരിപ്പിക്കന്നത്‌. ഇന്ത്യയിലും വിദേശത്തും ഉള്ള മാജിക്‌ നിര്‍മ്മാണ കമ്പനികള്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങളില്‍ പ്രത്യ്‌കം പരിശീലനം നേടി പലപ്പോഴും സ്‌റ്റേജ്‌ മാജിക്കില്‍ മാത്രം ഉപയോഗിക്കുന്നു. ഇന്നത്തെ പല പ്രഗല്‍ഭരായ മാജിക്കുകാരും ഇത്തരം ഉപകരണ മാജിക്കുകളുടെ വാക്താക്കളാണ്‌.ഉദാ: പെട്ടിക്കുള്ളില്‍ വയ്‌ക്കുന്ന വെള്ള പേപ്പര്‍ നോട്ടായി മാറുന്നു.

Skill Magic
(പരിശീലന കൊണ്ട്‌ മാത്രം സാധിക്കുന്ന മാജിക്കുകള്‍)

പരിശീലനം കൊണ്ടും നിരന്തരം പരിശ്രമം കൊണ്ടും മാത്രം കഴിയുന്ന വലിയ അത്ഭുതമുളവാക്കുന്നതും സാങ്കേതിക ചിലവും അവതരണ ചിലവും തീരെ കുറഞ്ഞതുമായ മാജിക്കുകളാണ്‌ ഈ വിഭാഗത്തില്‍പ്പെടുന്നത്‌. ഒരു മാജിക്കുകാരന്റെ കഴിവുകളെ വിലയിരുത്തുന്നത്‌ Skill മാജിക്കില്‍ അയാള്‍ക്കുള്ള പാടവത്തെ, അറിവിനെ ഒക്കെ കണക്കിലെടുത്തായിരിക്കണം.ഉദാ: ഒരു കൈയ്യില്‍ ഇരുന്ന അപ്രത്യക്ഷമാകുന്ന തുണിപന്ത്‌ മറുകൈയ്യില്‍ പ്രത്യക്ഷമാകുന്നത്‌.

Tuesday, August 19, 2008

മാജിക്കിലെ തരംതിരുവുകള്‍

മാജിക്കിനെ പൊതുവെ Close up Magic, Stage Magic, Street Magic എന്നിങ്ങനെ മൂന്നായി തരം തിരിക്കാം

Close up Magic

സുഹൃദ്‌ സദസ്സുകളിലും തൊട്ടടുത്ത്‌ നില്‍ക്കുന്നവരുടെ മുന്നിലും സംശയങ്ങള്‍ക്ക്‌ അവസരം നല്‍കാതെ അവതരിപ്പിക്കുന്നതാണ്‌ ക്ലോസപ്പ്‌ മാജിക്ക്‌. ഒരു മേശക്ക്‌ ചുറ്റും ഇരിക്കുന്ന കാഴ്‌ചക്കാരും മജീഷ്യനും അടങ്ങുന്ന സദസ്സിന്‌ മുന്നില്‍ അവതരിപ്പിക്കുന്നതകയാല്‍ Table Magic എന്ന പേരിലും അറിയപ്പെടുന്നു. അവിടെ മാജിക്കുകാരനും കാഴ്‌ചക്കാരനും അന്യോന്യം ഭാഗമാകും.

ഉദാഹരണത്തിന്‌ ചെപ്പും പന്തും വിദ്യയില്‍ മാന്ത്രികന്റെ കൈയ്യിലിരുന്ന്‌ അപ്രത്യക്ഷമാകുന്ന പന്ത്‌ കാണികളിലൊരാള്‍ സ്വന്തം പോക്കറ്റില്‍ നിന്ന്‌ എടുത്ത്‌ കൊടുക്കേണ്ടിവരുമ്പോള്‍ കാഴ്‌ചക്കാരനും മാന്ത്രികനും അത്ഭുതത്തിന്റെ ഭാഗമാകുന്നു.

ക്ലോസപ്പ്‌ മാജിക്കില്‍ പോക്കറ്റ്‌ ട്രിക്‌സ്‌ വിഭാഗത്തില്‍ പെടുന്ന മാജിക്കുകളും നിലവിലുണ്ട്‌. സുഹൃദ്‌ സന്ദര്‍ശകവേളകളിലും യാത്രകളിലും തുടങ്ങി ഏത്‌ സന്ദര്‍ഭത്തിലും ഏത്‌ സമയത്തും അവതരിപ്പിക്കുവാന്‍ അനുയോജ്യമായ മാജിക്കുകളാണ്‌ സാധാരണ പോക്കറ്റ്‌ ട്രിക്‌സ്‌ വിഭാഗത്തില്‍ പെടുന്നത്‌.

Stage Magic

തെരുവുകളിലെ ചെപ്പടി വിദ്യക്കാന്റെ ജീവനോപാധി എന്ന നിലയില്‍ നിന്ന്‌, മാജിക്ക്‌ സ്റ്റേജുകളിലേക്ക്‌ കൂടുമാറുമ്പോള്‍ മാജിക്‌ കെട്ടിലും മട്ടിലും ഒട്ടേറെ മാറ്റങ്ങള്‍ക്ക്‌ വിധേയമായി. ഇന്‍ഡോര്‍ ആഡിറ്റോറിയങ്ങലിലേയും ഔട്ട്‌ ഡോര്‍ ആഡിറ്റോറിയങ്ങലിലേയും എല്ലാവിധ കലാരൂപങ്ങളും തൊഴില്‍പരമായതോടെ കാഴ്‌ചക്കാരന്റെ വീക്ഷണങ്ങള്‍ക്ക്‌ അനുയോജ്യമായി കലാരൂപങ്ങള്‍ ചിട്ടപ്പെടുത്തുവാന്‍ കലാകാരന്‍മാര്‍ ശ്രദ്ധിച്ചുതുടങ്ങി.

തൊഴില്‍ എന്ന ചിന്ത വളരെ വലിയമല്‍സരങ്ങള്‍ക്ക്‌ വഴിയൊരുക്കുകയും കലാരൂപങ്ങളില്‍ തികഞ്ഞ പ്രൊഫഷണലിസം കടന്നുവരികയും ചെയ്‌തു. ഇത്‌ എല്ലാകലാരൂപങ്ങളിലുമെന്നതു പോലെ മാജിക്കിലും അനിവാര്യമായി. നെടുനെടുങ്കന്‍ ഡയലോകുകളുടേയും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ ധാരയുടേയും കാതടപ്പിക്കുന്ന ഡിജിറ്റല്‍ ശബ്ദ സംവിധാനങ്ങളുടേയും ആധുനിക ഇലക്ട്രേണിക്‌സ്‌ ഉപകരണങ്ങളുടേയും സഹായത്താല്‍ വലിയ വേദികളില്‍ വളരെ വലിയ ഉപകരണങ്ങള്‍ കൊണ്ട്‌ അവതരിപ്പിക്കുന്ന മാജിക്കുകളാണ്‌ സ്റ്റേജ്‌ മാജിക്കില്‍പ്പെടുന്നത്‌.

Street Magic

പാമ്പാട്ടികളും മരുന്ന വില്‍പ്പനക്കാരും ജനശ്രദ്ധ ആകര്‍ഷിക്കുന്നതിന്‌ വേണ്ടി സ്‌ട്രീറ്റുകളില്‍ അവതരിപ്പിച്ചിരുന്ന മാജിക്കുകളാണ്‌ ഈ വിഭാഗത്തില്‍പെടുന്നത്‌.ക്ലോസപ്പ്‌ മാജിക്കില്‍ സൂചിപ്പിച്ചത്‌ പോലെ ഇവിടെ മാജിക്കുകാരനും കാഴ്‌ചക്കാരനും ഈമാജിക്കുകളില്‍ ഭാഗമാകുന്നു. സ്‌റ്റേജിലെ എക്കാലത്തേയും സുപ്പര്‍ സ്റ്റാറുകള്‍ തലകുനിക്കേണ്ട മാജിക്കും തെരുവ്‌ മാന്ത്രികരും നമുക്കുണ്ട്‌. പക്ഷെ ഇന്ത്യന്‍ ജനതയില്‍ പൂരിപക്ഷവും കെട്ടിതും മട്ടിലും പബ്ലിസിറ്റിയിലും മനസ്സുടക്കി അടിമകളായി കഴിയുന്നതിനാല്‍ മഹനീയമായ പല തെരുവ്‌ മാജിക്കുകളും തെരുവ്‌ മാന്ത്രികരും നമുക്ക്‌ അന്യമായികൊണ്ടിരിക്കുന്നു.

Sunday, February 10, 2008

മാജിക്കിന്റെ ചരിത്രം

ഇന്ത്യന്‍ കലകളില്‍ അതിപ്രധാന സ്ഥാനങ്ങളില്‍ ഒന്നാണ്‌ ഇന്ദ്രജാലം, മഹേന്ദ്രജാലം, ജാലവിദ്യ, കണ്‍കെട്ട്‌ എന്നെല്ലാം അറിയപ്പെടുന്ന മാജിക്കിനുള്ളത്‌. ഭൂമിയില്‍ മനുഷ്യന്റെ പരിണാമത്തിനൊപ്പം രൂപം കൊണ്ട കലയാകണം മായാജാലം ജിജ്ഞാസയാണ്‌ മാജിക്കിന്റെ ഉറവിടം.

ഇന്ന്‌ മാജിക്കിന്റെ ചരിത്രം ഉറങ്ങുന്നത്‌ ഹിന്ദുപുരാണങ്ങളിലും ബൈബിളിലും ഖുറാനിലും മറ്റ്‌ പല മത ഗ്രന്ഥങ്ങളിലും പ്രാചീന നാണയങ്ങളിലും ചെകുത്താന്റെ സിദ്ധിയുള്ള താടിക്കാരന്റെ രൂപങ്ങളിലും പിരമിഡുകളുടെ വശങ്ങളിലുമാണ്‌. മായാജാലം, ഇന്ദ്രജാലം, മഹേന്ദ്രജാലം, ജാലവിദ്യ, കണ്‍കെട്ട്‌ എന്നൊക്കെ അര്‍ത്ഥം വരുന്ന ഇംഗ്ലീഷ്‌ പദമാണ്‌ മാജിക്‌ (Magic)

പണ്ട്‌കാലത്ത്‌ പേര്‍ഷ്യയിലുണ്ടായിരുന്ന മതപണ്ടിതന്‍മാരെയൊ പുരോഹിതന്‍മാരയൊ മാഗസ്‌ (Magus) എന്നാണ്‌ വിളിച്ചിരുന്നത്‌. ഈ വാക്കിന്റെ ബഹുവചനം മാജൈ (Magai)പേര്‍ഷ്യയില്‍ നിന്നും മാജൈകളില്‍ പെട്ട കുരേപ്പേര്‍ ബാബിലോണിയായില്‍ എത്തുകയും ഭാവിപറയുന്നതിലും മന്ത്രവാദത്തിലും പേരെടുത്തു. ഇത്തരം മാജൈകളില്‍ നിന്നും മാജിക്‌ (Magic) ഉണ്ടായി.ഇന്ന്‌ ഏത്‌ മനുഷ്യനേയും ഭാഷക്കും വര്‍ഗ്ഗത്തിനും അതീതമായി ഒരുപോലെ രസിപ്പിക്കുകയും ആന്ദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന മനുഷ്യ വര്‍ഗ്ഗത്തിന്റെ ഹൃദയത്തുടുപ്പുകള്‍ ഉള്‍ക്കൊണ്ട കലയത്രെ മാജിക്‌ അഥവാ ജാലവിദ്യ.

എന്താണ്‌ മാജിക്‌?

മനുഷ്യന്‍ അവന്റെ യുക്തിയെ ബുദ്ധികൊണ്ട്‌ നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ സംഗീതം, നാടകം, നൃത്തം തുടങ്ങിയ കലകളെ കടത്തിവെട്ടിയ മറ്റൊരു കലക്ക്‌ ജന്മം നല്‍കി. അതത്രെ ജാലവിദ്യ.

മണല്‍ത്തരി പോലും പൂര്‍ണമായി സൃഷ്ടിക്കുവാനും പൂര്‍ണമായി നശിപ്പിക്കുവാനും സാധ്യമല്ലന്നിരിക്കെ അന്തരീക്ഷത്തില്‍ നിന്നും ആനയെപ്പോലും സൃഷ്ടിക്കുന്ന മനുഷ്യനെക്കുറിച്ച്‌ അത്ഭുതത്തോടെയല്ലാതെ എന്ത്‌പറയാന്‍? എന്നാല്‍ ഇവയെല്ലാം സംഭവിക്കുന്നു എന്ന തോന്നല്‍ കാഴ്‌ചക്കാരനില്‍ ജനിപ്പിക്കുവാന്‍ കഴിയുമ്പോള്‍ മാത്രമാണ്‌ ഒരാള്‍ മാന്ത്രികനാകുന്നത്‌.

ചില സൂത്രങ്ങള്‍ രഹസ്യങ്ങളാക്കി കാഴ്‌ചക്കാരന്റെ കണ്ണിലും ഹൃദയത്തിലും അത്ഭുതത്തിന്റേയും അമ്പരപ്പിന്റേയും ആഹ്ലാദത്തിന്റേയും വേലിയേറ്റം സൃഷ്ടിക്കുവാന്‍ കഴിയുന്ന ഒരേയൊരു കലയത്രെ മാജിക്‌ അഥവാ ഇന്ദ്രജാലം. മാജിക്കിന്റെ ലോകത്ത്‌ അത്ഭുതങ്ങളും രഹസ്യങ്ങളും കൈകോര്‍ത്ത്‌ നില്‍ക്കുന്നു.

രഹസ്യമില്ലങ്കില്‍ അത്ഭുതമില്ലാതാകുന്നു.അത്ഭുതമില്ലങ്കില്‍ മാജിക്കില്ലാതാകുന്നു. ചില മാജിക്കുകാര്‍ ഒരുകാലത്ത്‌ തങ്ങള്‍ക്ക്‌ ഏറ്റവും പ്രീയപ്പെട്ടതെന്ന്‌ കരുതിയിരുന്ന പലമാജിക്കുകളുടേയും രഹസ്യം പ്രശസ്‌തിയിലേക്ക്‌ ഉയരുമ്പോള്‍ വളരെ വില കുറഞ്ഞ ഇനങ്ങളായി കണ്ട്‌ അവയുടെ രഹസ്യങ്ങള്‍ ഇതുകൊണ്ട്‌ ഒരുപയോഗവുമില്ലാത്തവര്‍ക്ക്‌കൂടി കൈമാറുന്ന ഒരു പ്രവണതയുണ്ട്‌. ഇതിന്‌ എത്രമാത്രം പുരോഗമനം മറുപടിയായി പറയുമ്പോഴും അവരിപ്പോഴവതരിപ്പിക്കുന്ന മാജിക്കുകളുടെ രഹസ്യങ്ങള്‍ ആരെങ്കിലും തുറന്ന്‌ കണിച്ച്‌ തുടങ്ങിയാല്‍ മാജിക്കെന്ന കലയുടെ സ്ഥിതിയെന്താകും? ഉദാഹരണത്തിന്‌ മേശമേല്‍ ഇരക്കുന്ന തീപ്പെട്ടി മജീഷ്യന്‍ വലതു കൈകൊണ്ടെടുത്ത്‌ ഇടതു കൈയ്യില്‍ വച്ച്‌ ഇടതുകൈ മൂടി വലതുകൈയ്യൊന്ന്‌ ഞൊടിച്ച്‌ ഇടതുകൈ തുറക്കുമ്പോള്‍ പല വര്‍ങ്ങളുള്ള റിബണ്‍ താഴേക്ക്‌ വീഴുന്നത്‌ കാണാം.ഇവിടെ മേശമേല്‍ ഇരിക്കുന്ന തീപ്പെട്ടിയുടെ മൂന്ന്‌ വശവും പ്രേക്ഷകന്‌ കാണാമെങ്കില്‍ ആ തീപ്പെട്ടിക്ക്‌ നാലും അഞ്ചും ആറും വശങ്ങളില്ലെങ്കിലും ആ ഭാഗത്തുകൂടി ഒരു തൂവാല തീപ്പെട്ടി പോലെയുള്ള ആ വസ്‌തുവില്‍ ഒളിപ്പിച്ച്‌ വച്ചിരുന്നാലും പ്രേക്ഷകന്‍ അത്‌ തീപ്പെട്ടിയായി അംഗീകരിക്കും. ഇത്‌ തന്നെയാണ്‌ മാജിക്കിന്റെ പ്രധാന മര്‍മ്മം. തീപ്പെട്ടിയുടെ രഹസ്യം കാഴ്ചക്കാരെന് അറിയാമെങ്കിലൊ?

ഏറ്റവും വലിയ പണ്ഡിതനും ഭരണകര്‍ത്താവും സാഹിത്യകാരനും ശാസ്‌ത്രജ്ഞനും തുടങ്ങി ഏതു മനുഷ്യന്റേയും സാമാന്യ ബദ്ധിമണ്ഡലത്തിലും ഉദയം ചെയ്യാന്‍ സാദ്ധ്യതയില്ലാത്ത ആശയങ്ങളുടെ ആവിഷ്‌കാരമാണ്‌ ജാലവിദ്യ അഥവാ കണ്‍കെട്ട്‌, ഇന്ദ്രജാലം എന്നെല്ലാം പറയുന്ന മാജിക്ക്‌.

ഇന്ന്‌ നിലവിലുള്ള എല്ലാ ശാസ്‌ത്ര സാങ്കേതിക വിദ്യകളും മായാജാലത്തിന്‌ കൂട്ടായി, ജാലവിദ്യക്കാരന്റെ സഹായത്തിനെത്തുന്നു. അതുകൊണ്ട്‌ തന്നെ ചില സൂത്രങ്ങള്‍ രഹസ്യങ്ങളാക്കി കൊണ്ട്‌ കാഴ്‌ചക്കാരന്റെ ഉള്ളില്‍ അമ്പരപ്പിന്റേയും അത്ഭുതത്തിന്റേയും ആഹ്ലാദത്തിന്റേയും നിറം ചാര്‍ത്താന്‍ കഴിയുന്ന ബഹുശാസ്‌ത്ര കലയെന്ന്‌ മാജിക്കിനെവിശേഷിപ്പിക്കാം.

ഇത്രയേറെ മനോഹരമായ ജാലവിദ്യ ആധുനിക മനുഷ്യന്റെ പഠനങ്ങളിലൂടേയും പരീക്ഷണങ്ങളിലൂടേയും രൂപഭാവങ്ങള്‍ മാറി ഒരു ബൃഹത്തായ കലയായി ഈ നൂറ്റാണ്ടില്‍ എത്തി നില്‍ക്കുന്നു. ഇന്ന്‌ പല ഭാഗങ്ങളായി മാജിക്കിനെ വിഭജിച്ച്‌ ഓരോന്നിലും പ്രാഗല്‍ഭ്യം നേടിയിരിക്കുന്ന ആയിരക്കണക്കിന്‌ മാന്ത്രികര്‍ ലോകത്തുണ്ട്‌.

Anjali

If you can't read this blog, please install malayalam font AnjaliOldLipi from here.

അക്ഷരം തൊട്ടു തുടങ്ങാം....

ഞാന്‍ - About Me

ഇതുവരെ