ads

Sunday, February 10, 2008

എന്താണ്‌ മാജിക്‌?

മനുഷ്യന്‍ അവന്റെ യുക്തിയെ ബുദ്ധികൊണ്ട്‌ നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ സംഗീതം, നാടകം, നൃത്തം തുടങ്ങിയ കലകളെ കടത്തിവെട്ടിയ മറ്റൊരു കലക്ക്‌ ജന്മം നല്‍കി. അതത്രെ ജാലവിദ്യ.

മണല്‍ത്തരി പോലും പൂര്‍ണമായി സൃഷ്ടിക്കുവാനും പൂര്‍ണമായി നശിപ്പിക്കുവാനും സാധ്യമല്ലന്നിരിക്കെ അന്തരീക്ഷത്തില്‍ നിന്നും ആനയെപ്പോലും സൃഷ്ടിക്കുന്ന മനുഷ്യനെക്കുറിച്ച്‌ അത്ഭുതത്തോടെയല്ലാതെ എന്ത്‌പറയാന്‍? എന്നാല്‍ ഇവയെല്ലാം സംഭവിക്കുന്നു എന്ന തോന്നല്‍ കാഴ്‌ചക്കാരനില്‍ ജനിപ്പിക്കുവാന്‍ കഴിയുമ്പോള്‍ മാത്രമാണ്‌ ഒരാള്‍ മാന്ത്രികനാകുന്നത്‌.

ചില സൂത്രങ്ങള്‍ രഹസ്യങ്ങളാക്കി കാഴ്‌ചക്കാരന്റെ കണ്ണിലും ഹൃദയത്തിലും അത്ഭുതത്തിന്റേയും അമ്പരപ്പിന്റേയും ആഹ്ലാദത്തിന്റേയും വേലിയേറ്റം സൃഷ്ടിക്കുവാന്‍ കഴിയുന്ന ഒരേയൊരു കലയത്രെ മാജിക്‌ അഥവാ ഇന്ദ്രജാലം. മാജിക്കിന്റെ ലോകത്ത്‌ അത്ഭുതങ്ങളും രഹസ്യങ്ങളും കൈകോര്‍ത്ത്‌ നില്‍ക്കുന്നു.

രഹസ്യമില്ലങ്കില്‍ അത്ഭുതമില്ലാതാകുന്നു.അത്ഭുതമില്ലങ്കില്‍ മാജിക്കില്ലാതാകുന്നു. ചില മാജിക്കുകാര്‍ ഒരുകാലത്ത്‌ തങ്ങള്‍ക്ക്‌ ഏറ്റവും പ്രീയപ്പെട്ടതെന്ന്‌ കരുതിയിരുന്ന പലമാജിക്കുകളുടേയും രഹസ്യം പ്രശസ്‌തിയിലേക്ക്‌ ഉയരുമ്പോള്‍ വളരെ വില കുറഞ്ഞ ഇനങ്ങളായി കണ്ട്‌ അവയുടെ രഹസ്യങ്ങള്‍ ഇതുകൊണ്ട്‌ ഒരുപയോഗവുമില്ലാത്തവര്‍ക്ക്‌കൂടി കൈമാറുന്ന ഒരു പ്രവണതയുണ്ട്‌. ഇതിന്‌ എത്രമാത്രം പുരോഗമനം മറുപടിയായി പറയുമ്പോഴും അവരിപ്പോഴവതരിപ്പിക്കുന്ന മാജിക്കുകളുടെ രഹസ്യങ്ങള്‍ ആരെങ്കിലും തുറന്ന്‌ കണിച്ച്‌ തുടങ്ങിയാല്‍ മാജിക്കെന്ന കലയുടെ സ്ഥിതിയെന്താകും? ഉദാഹരണത്തിന്‌ മേശമേല്‍ ഇരക്കുന്ന തീപ്പെട്ടി മജീഷ്യന്‍ വലതു കൈകൊണ്ടെടുത്ത്‌ ഇടതു കൈയ്യില്‍ വച്ച്‌ ഇടതുകൈ മൂടി വലതുകൈയ്യൊന്ന്‌ ഞൊടിച്ച്‌ ഇടതുകൈ തുറക്കുമ്പോള്‍ പല വര്‍ങ്ങളുള്ള റിബണ്‍ താഴേക്ക്‌ വീഴുന്നത്‌ കാണാം.ഇവിടെ മേശമേല്‍ ഇരിക്കുന്ന തീപ്പെട്ടിയുടെ മൂന്ന്‌ വശവും പ്രേക്ഷകന്‌ കാണാമെങ്കില്‍ ആ തീപ്പെട്ടിക്ക്‌ നാലും അഞ്ചും ആറും വശങ്ങളില്ലെങ്കിലും ആ ഭാഗത്തുകൂടി ഒരു തൂവാല തീപ്പെട്ടി പോലെയുള്ള ആ വസ്‌തുവില്‍ ഒളിപ്പിച്ച്‌ വച്ചിരുന്നാലും പ്രേക്ഷകന്‍ അത്‌ തീപ്പെട്ടിയായി അംഗീകരിക്കും. ഇത്‌ തന്നെയാണ്‌ മാജിക്കിന്റെ പ്രധാന മര്‍മ്മം. തീപ്പെട്ടിയുടെ രഹസ്യം കാഴ്ചക്കാരെന് അറിയാമെങ്കിലൊ?

ഏറ്റവും വലിയ പണ്ഡിതനും ഭരണകര്‍ത്താവും സാഹിത്യകാരനും ശാസ്‌ത്രജ്ഞനും തുടങ്ങി ഏതു മനുഷ്യന്റേയും സാമാന്യ ബദ്ധിമണ്ഡലത്തിലും ഉദയം ചെയ്യാന്‍ സാദ്ധ്യതയില്ലാത്ത ആശയങ്ങളുടെ ആവിഷ്‌കാരമാണ്‌ ജാലവിദ്യ അഥവാ കണ്‍കെട്ട്‌, ഇന്ദ്രജാലം എന്നെല്ലാം പറയുന്ന മാജിക്ക്‌.

ഇന്ന്‌ നിലവിലുള്ള എല്ലാ ശാസ്‌ത്ര സാങ്കേതിക വിദ്യകളും മായാജാലത്തിന്‌ കൂട്ടായി, ജാലവിദ്യക്കാരന്റെ സഹായത്തിനെത്തുന്നു. അതുകൊണ്ട്‌ തന്നെ ചില സൂത്രങ്ങള്‍ രഹസ്യങ്ങളാക്കി കൊണ്ട്‌ കാഴ്‌ചക്കാരന്റെ ഉള്ളില്‍ അമ്പരപ്പിന്റേയും അത്ഭുതത്തിന്റേയും ആഹ്ലാദത്തിന്റേയും നിറം ചാര്‍ത്താന്‍ കഴിയുന്ന ബഹുശാസ്‌ത്ര കലയെന്ന്‌ മാജിക്കിനെവിശേഷിപ്പിക്കാം.

ഇത്രയേറെ മനോഹരമായ ജാലവിദ്യ ആധുനിക മനുഷ്യന്റെ പഠനങ്ങളിലൂടേയും പരീക്ഷണങ്ങളിലൂടേയും രൂപഭാവങ്ങള്‍ മാറി ഒരു ബൃഹത്തായ കലയായി ഈ നൂറ്റാണ്ടില്‍ എത്തി നില്‍ക്കുന്നു. ഇന്ന്‌ പല ഭാഗങ്ങളായി മാജിക്കിനെ വിഭജിച്ച്‌ ഓരോന്നിലും പ്രാഗല്‍ഭ്യം നേടിയിരിക്കുന്ന ആയിരക്കണക്കിന്‌ മാന്ത്രികര്‍ ലോകത്തുണ്ട്‌.

2 comments:

Magician RC Bose said...
This comment has been removed by the author.
നിരക്ഷരൻ said...

മാജിക്കിന്റെ രഹസ്യങ്ങള്‍ തുറന്ന് കാ‍ണിക്കുന്നത് ആ കലയെ നശിപ്പിക്കും എന്ന് സമ്മതിക്കുന്നു.